Kerala
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 13-ാം വാർഡിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയായ തലയോലപ്പറമ്പ് സ്വദേശി ബിന്ദു (56) ആണ് മരിച്ചത്.
അപകടമുണ്ടായ 14-ാം വാർഡിലെ ശുചിമുറിയിൽ കുളിക്കാൻ പോയതായിരുന്നു ഇവർ. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ബിന്ദുവിനെ അപകടത്തിനു ശേഷം രണ്ടര മണിക്കൂർ കഴിഞ്ഞാണ് പുറത്തെടുത്തത്. ഉടൻതന്നെ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
അപകടത്തിനു ശേഷം തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിനെ കാണാതായതായി ഭർത്താവ് വിശ്രുതൻ പറഞ്ഞിരുന്നു. ഇവരുടെ മകൾ ട്രോമാ കെയറിൽ ചികിത്സയിലാണ്. മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടാണ് വിശ്രുതനും ഭാര്യ ബിന്ദുവും കോട്ടയം മെഡിക്കൽ കോളജിൽ എത്തിയത്.
ഇന്നു രാവിലെ 11-ഓടെയാണ് അപകടമുണ്ടായത്. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണത്. അപകടത്തിൽ വയനാട് മീനങ്ങാടി സ്വദേശി അലീന വിൻസന്റിന് (11) പരുക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ കഴിഞ്ഞ് പത്താം വാർഡിൽ ചികിത്സയിൽ കഴിയുന്ന മുത്തശ്ശി ത്രേസ്യാമ്മയുടെ കൂടെ കൂട്ടിരിപ്പുകാരിയായി നിൽക്കുകയായിരുന്നു അലീന. പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്.
അതേസമയം, രോഗികളെ ഒഴിപ്പിക്കുന്നതിനിടെ അത്യാഹിത വിഭാഗത്തിലെ ജീവനക്കാരൻ അമൽ പ്രദീപിനു ട്രോളി വന്നിടിച്ച് നിസാര പരുക്കേറ്റു.
Kerala
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മൂന്നുനില കെട്ടിടം പൊളിഞ്ഞുവീണു. ആശുപത്രിയുടെ 14-ാം വാര്‍ഡിന്റെ ഒരു ഭാഗമാണ് പൊളിഞ്ഞുവീണതെന്നാണ് വിവരം.
അപകടത്തിൽ ഒരു കുട്ടി അടക്കം രണ്ട് പേർക്ക് പരിക്കുണ്ട്. ഇവരെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
ഫയര്‍ഫോഴ്സും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. അകത്ത് ആരെങ്കിലും കുടുങ്ങികിടപ്പുണ്ടോയെന്ന് പരിശോധിക്കുകയാണ്.
District News
പുതിയ ബ്ലോക്കിന്റെ കെട്ടിടനിർമാണം പൂർത്തീകരിച്ചു
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പുതിയ കാർഡിയോളജി ബ്ലോക്ക് ഏർപ്പെടുത്തുന്നു. നിലവിലെ കാർഡിയോളജി-കാർഡിയോ തൊറാസിക്ക് വിഭാഗത്തോട് ചേർന്നാണ് പുതിയ ബ്ലോക്കിന്റെ നിർമാണം നടത്തിയിരിക്കുന്നത്.
മെഡിക്കൽ കോളജിലെ കാർഡിയോളജി വിഭാഗത്തിന്റെ ചികിത്സാ മികവ് കണക്കിലെടുത്തും നൂതന ചികിത്സാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് നബാഡ് അനുവദിച്ച 36 കോടി ചെലവഴിച്ച് പുതിയ കാർഡിയോളജി ബ്ലോക്ക് ആരംഭിക്കുന്നത്.
നാലു നിലകളുള്ള ബിൽഡിംഗിന്റെ നിർമാണം പൂർത്തീകരിച്ചു കഴിഞ്ഞു. ഇനി നൂതന ചികിത്സാ സംവിധാനങ്ങളും മറ്റ് ഉപകരണങ്ങളും ഏർപ്പെടുത്തണം. ഇവിടെ 28 തീവ്രപരിചരണ യൂണിറ്റുകളും മൂന്ന് ശസ്ത്രക്രിയാ വിഭാഗവും 200 കിടക്കകളുള്ള വാർഡും ഉണ്ടായിരിക്കും. വിഐപി മുറികൾക്ക് പുറമേ പേ വാർഡുകൾ ഏർപ്പെടുത്താനും ആലോചനയുണ്ട്.
ഓക്സിജൻ, ലാബ് സംവിധാനവും ഉണ്ടായിരിക്കും. ബ്ലോക്കിൽ ഉടൻ ചികിത്സ ആരംഭിക്കാവുന്ന തരത്തിൽ ത്വരിത ഗതിയിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.
District News
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ ശോച്യാവസ്ഥ തുടരുന്നു. പത്തനംതിട്ട , ഇടുക്കി, കോട്ടയം, ആലപ്പുഴ തുടങ്ങി വിവിധ ജില്ലകളിൽനിന്നുള്ള ആയിരക്കണക്കിന് രോഗികൾ ദിവസേന എത്തുന്ന ബസ് സ്റ്റാൻഡാണ് മെഡിക്കൽ കോളജിലേത്. എന്നാൽ, സ്റ്റാൻഡിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം യാത്രക്കാരെ വലയ്ക്കുകയാണ്. സ്റ്റാൻഡിന്റെ കാലപ്പഴക്കവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
പൊട്ടിപ്പൊളിഞ്ഞു കിടന്ന സ്റ്റാൻഡ് വലിയ പ്രതിഷേധത്തെത്തുടർന്ന് അടുത്ത കാലത്ത് കോൺക്രീറ്റ് ചെയ്തിരുന്നു. എന്നാൽ, സ്റ്റാൻഡിൽ യാത്രക്കാർക്ക് ബസ് കാത്തിരിക്കുന്നതിനുള്ള സൗകര്യം പരിമിതമാണ്. യാത്രക്കാർക്ക് അടിസ്ഥാന സൗകര്യങ്ങളേർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
സ്റ്റാൻഡ് പുനർനിർമിക്കുന്പോൾ ഷോപ്പിംഗ് കോപ്ലക്സ് ഉൾപ്പെടെയുള്ള കാര്യങ്ങളേർപ്പെടുത്തുമെന്നാണ് ആർപ്പൂക്കര പഞ്ചായത്ത് അധികൃതർ അവകാശപ്പെടുന്നുണ്ട്. വിവിധ ജില്ലകളിൽനിന്നുള്ള രോഗികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടുന്നുണ്ട്.
ഈ സാഹചര്യത്തിൽ ആശുപത്രിയിലേക്ക് വിവിധ ജില്ലകളിൽനിന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് നേരിട്ട് കൂടുതൽ കെഎസ്ആർടിസി ബസുകളേർപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.